NewsKPCTA STATE LEADERSHIP CAMP 9, 10 AUGUST 2025, THRISSUR

പ്രിയമുള്ളവരേ,

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഉലച്ചുകൊണ്ടിരിക്കുന്ന വിവാദങ്ങളും രാഷ്ട്രീയ ബലപരീക്ഷണങ്ങളും ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും പൊതുസമൂഹത്തിന്റെ മുന്നിൽ  തലകുനിച്ചു നിൽക്കേണ്ടുന്ന സാഹചര്യമാണ് ഉളവാക്കിയിട്ടുള്ളത്. 

സർവീസ് സഹകരണ പ്രസ്ഥാനങ്ങളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവന്ന് അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കേന്ദ്രങ്ങളാക്കി ഇടതുപക്ഷം മാറ്റി.  ഇതുപോലെ തന്നെ കേരളത്തിലെ സർവലാശാലകളെയും തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരുകയും വൈസ് ചാൻസിലർ തുടങ്ങി താഴോട്ടുള്ള മുഴുവൻ സ്ഥാനങ്ങളിലും ചട്ടവിരുദ്ധമായി തങ്ങളുടെ ആജ്ഞാനുവർത്തികളെ തിരുകികയറ്റുകയും ചെയ്യുക എന്നതാണ് ഇടതുപക്ഷ സർക്കാരും അവർ നിയമിച്ചിട്ടുള്ള സിന്ഡിക്കേറ്റുകളും  ലക്ഷ്യമിടുന്നത്.

ഈ വഴിവിട്ട ഇടപെടലുകളാണ് സംഘപരിവാറിന്റെ ചട്ടുകമായ, ചാൻസിലർ കൂടിയായ  ഗവർണർക്ക് സ്വന്തം അജണ്ട നടപ്പാക്കുന്നതിനുള്ള കളം ഒരുക്കികൊടുത്തത്.

കേരളത്തിൽ യുഡിഎഫിന് അനുകൂലമായ  രാഷ്ട്രീയ സാഹചര്യം ഉയർന്നുവരുന്ന സാഹചര്യത്തിൽ അതിൽനിന്ന് ശ്രദ്ധതിരിക്കുവാൻ വേണ്ടി കേരളത്തിലെ സർവകലാശാലകളിൽ BJP-CPM അന്തർധാരയുടെ ഭാഗമായിട്ടുള്ള രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുകയാണ്. വാടകയ്ക്ക് കൊടുത്ത ഹാളിൽവച്ച  ഫ്ലക്സ് ബോർഡിലെ ചിത്രത്തിന്റെ ചുവടുപിടിച്ച് കേരള സർവകലാശാലയിൽ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങൾ ഇതിനുദാഹരണമാണ്.  

വികിസിത രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ  കേരളത്തിലെ സർവകലാശാലകളിലേക്ക് പഠനത്തിനായി വരുന്നുവെന്നാണ് സർക്കാരിന്റെ അവകാശവാദം. കേരള സർവകലാശാലയിൽ ഈ വർഷം 2620 വിദേശ വിദ്യാർത്ഥികൾ  ഓപ്ഷൻ നൽകിയതിൽ കേവലം 93   പേർ മാത്രമാണ് പ്രവേശനം നേടിയത്.  ഇതിൽ കൂടുതലും അവികിസിത രാജ്യങ്ങളിൽ നിന്നാണ്. അങ്ങനെ നാമമാത്രമായ വിദ്യാർഥികൾ കേരളത്തിലെ വിവിധ സർവകലാശാലകളിലേക്ക് പഠനത്തിനായി വരുമ്പോൾ കേരളത്തിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം രണ്ടര ലക്ഷം വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി പോയി എന്ന കാര്യം ബോധപൂർവം മറച്ചുവയ്ക്കപ്പെടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇതേ ആവശ്യത്തിന് പോയ വിദ്യാർഥികളുടെ എണ്ണം ഇതിന്റെ പതിന്മടങ്ങ് വരും.  സർക്കാർ കണക്കുകൾ പ്രകാരംതന്നെ കേരളത്തിലെ പൊതുസർവകലാശാലകളിൽമാത്രം കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം UG - PG സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.ഇതേസമയത്താണ് ആരോഗ്യ - ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ അവകാശപ്പെടുന്നതനുസരിച്ചാണെങ്കിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള  കേരളത്തിൽനിന്നും ഇതര രാജ്യങ്ങളിലേക്ക് ഇത്രയും വലിയ കുടിയേറ്റം നടക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളിൽ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ കൈക്കൊള്ളുന്നതിന്  പകരം 100% വരുന്ന രാഷ്ട്രീയ നിയമനങ്ങളിലൂടെയും  ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ഉപയോഗിച്ചും BoS, അക്കാഡമിക് കൗൺസിൽ എന്നിവകളെ പാവകളാക്കിയും ഉന്നവിദ്യാഭ്യാസത്തെ സർക്കാർ നിയന്ത്രണത്തിലാക്കി കേരളത്തിലെ സർവകലാശാലകളുടെ  ചരമക്കുറിപ്പ് എഴുതിക്കൊണ്ടിരിക്കുകയാണ് കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ.  
സർവകലാശാലകളിൽ  സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാതെയും, കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാതെയും, അധ്യാപക തസ്തികകൾ വെട്ടിക്കുറച്ചുകൊണ്ടും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ, ഇടത് നേതാക്കളുടെ ഭാര്യമാരെയും, ബന്ധുക്കളെയും അസോസിയേറ്റും  അസിസ്റ്റന്റും പ്രൊഫസർമാരാക്കാൻ കാണിക്കുന്ന ഉത്സാഹം കാണാതെ പോകാൻ കഴിയില്ല. തിണ്ണമിടുക്കു കാട്ടുന്ന സിൻഡിക്കേറ്റുകളെ ഉപയോഗിച്ചും, വിദ്യാർത്ഥി യുവജന സംഘടനകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും സർവകലാശാലകൾ ഭരിക്കപ്പെടുമ്പോൾ ഏത് വിദ്യാർഥിയാണ് കേരളത്തിലെ കലാശാലകളിലേക്കു കടന്നുവരാനുണ്ടാവുക? 

നീണ്ട 9 വർഷത്തെ ഇടതു ഭരണത്തിൽ പി എസ് സി അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിൽ ഒന്നാം റാങ്ക് കിട്ടിയവർക്കു പോലും ജോലി ലഭിക്കാത്ത സ്ഥിതിയാണ്. UGC ശമ്പള കുടിശ്ശികയും ഇൻക്രിമെന്റുകളും ഡി എ യും പ്രമോഷനുകളും തടഞ്ഞു കൊണ്ട് അധ്യാപക സമൂഹത്തിന്റെ മനോവീര്യം തകർക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.  

അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, ഉന്നത വിദ്യാഭ്യാസ മേഖലയുടെയും പ്രശ്നങ്ങളിൽ പരിഹാരം കണ്ടേ മതിയാകൂ എന്ന ദൃഡാനിശ്ചയത്തോടെ സമരങ്ങളിലൂടെയും കോടതി വ്യവഹാരങ്ങളിലൂടെയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തു സജീവമായി പ്രവർത്തിക്കുന്ന, പ്രതികരിക്കുന്ന ഒരേയൊരു സംഘടന കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ ) മാത്രമാണ് .  
കെ പി സി ടി എ യുടെ നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ്  കോളേജ് അധ്യാപകർക്കും യൂണിവേഴ്സിറ്റി അധ്യാപകർക്കും യു. ജി. സി ഏഴാം ശമ്പള പരിഷ്കരണം ലഭിച്ചത്. കൂടാതെ കോളേജുകളിൽ ഇന്ന് പ്രൊഫസ്സർ പോസ്റ്റ് ലഭ്യമായിട്ടുണ്ടെങ്കിൽ, അത് 
കെ പി സി ടി എ യുടെ സമര-നിയമ പോരാട്ടത്തിന്റെ  വിജയമാണ്. അനധികൃതമായി നിയമിക്കപ്പെട്ട കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പുറത്താകലിലേക്ക് നയിച്ച,  സർവകലാശാല വിഷയങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ല എന്നുള്ള  രാജ്യം മുഴുവൻ ശ്രദ്ധിച്ച  വിധിയുണ്ടായത് സുപ്രീം കോടതിവരെ നീണ്ട
കെ പി സി ടി എ യുടെ നിയമപോരാട്ടത്തിന്റെ ഭാഗമായാണ്. ഡി എ വിഷയത്തിലും 
പി എച് ഡി ഇൻക്രിമെന്റ് വിഷയത്തിലും സംഘടന ഇപ്പോഴും സമര-നിയമ പോരാട്ടത്തിലാണ്.  അർഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും  ആവശ്യമായ ശക്തമായ പോരാട്ടങ്ങൾക്കും ചെറുത്ത് നിൽപ്പിനും 
കെ പി സി ടി എ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. സംഘടന നേതൃത്വത്തിലേക്ക് കൂടുതൽ പുതിയ അംഗങ്ങളെ കൊണ്ടുവരുന്നതിനും അവരുടെ നേതൃപാടവം കാലഘട്ടത്തിനനുസരിച്ച് പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണു സംഘടന നേതൃത്വപരിശീലന ക്യാമ്പുകൾ സംഘടി പ്പിക്കുന്നത്.

 തകർന്നു തരിപ്പണമായ ഉന്നത വിദ്യാഭ്യാസ മേഖലയെ മൊത്തത്തിലും സർവകലാശാലകളെ വിശേഷിച്ചും തിരികെ കൊണ്ട് വരേണ്ടത് കേരളത്തിന്റെ പൊതുആവശ്യമാണ്. 
രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴും നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അവസ്ഥ ദയനീയമാണ്. വിദ്യാർഥികളുടെ കണ്ണീരും അധ്യാപകരുടെ ആശങ്കകളും നമുക്ക് പരിഹരിക്കേണ്ടതുണ്ട്. 2016 മുതലുള്ള ശമ്പളക്കുടിശ്ശിക നേടിയെടുക്കണം. അധ്യാപകരുടെ അവകാശങ്ങൾ എല്ലാം തന്നെ പുനഃസ്ഥാപിക്കപ്പെടണം.സ്റ്റാട്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം. യു ജി സി 2025 റെഗുലേഷനിലെയും പുതിയ സർവകലാശാല നിയമങ്ങളിലെയും ചതിക്കുഴികൾ തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. ഇത്തരത്തിൽ നിരവധി അക്കാദമിക വിഷയങ്ങൾ ചർച്ചയാകുന്ന
കെ പി സി ടി എ നേതൃത്വ പരിശീലന ക്യാമ്പിലേക്ക് എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്തു കൊള്ളുന്നു.

ഡോ പ്രേമചന്ദ്രൻ കീഴോത്ത് (പ്രസിഡന്റ്)
ശ്രീ.റോണി ജോർജ്ജ് (ജനറൽ സെക്രട്ടറി)
ഡോ ചാക്കോ വി എം (റീജിയണൽ പ്രസിഡന്റ് & കൺവീനർ)