നാലുവർഷ ബിരുദത്തിൽ വിദ്യാർത്ഥി വിരുദ്ധ തീരുമാനത്തിൽ പ്രതിഷേധം: കെ പി സി ടി എ സർവകലാശാലാ ധർണ്ണ നടത്തി
തേഞ്ഞിപ്പാലം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ റെഗുലേഷൻ ഭേദഗതി വിദ്യാർത്ഥി വിരുദ്ധ തീരുമാനമാണെന്നും സർവകലാശാല അക്കാദമിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) സർവകലാശാല ആസ്ഥാനത്തു ധർണ്ണ നടത്തി. കാലിക്കറ്റ് സർവകലാശാലളിലും ഒരു ഡിപ്പാർട്മെന്റിലെ മേജർ പഠിക്കുന്ന വിദ്യാർത്ഥികൾ ആ ഡിപ്പാർട്മെന്റിൽ തന്നെയുള്ള മൈനർ കോഴ്‌സുകൾ അവ വ്യത്യസ്ത പഠന മേഖലയിൽ ആണെങ്കിൽ എടുക്കാം എന്ന് നാഷണൽ എഡ്യൂക്കേഷൻ പോളിസിയിലും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ( യൂ ജി സി ) യുടെ നിർദേശങ്ങളിലും അനുവദിച്ചിട്ടുള്ളപ്പോൾ ആണ് സെൽഫ് മൈനർ നൽകുന്നത് അവസാനിപ്പിക്കണം എന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിർദ്ദേശം നൽകിയത് എന്നാൽ 33 വിഷയങ്ങളിൽ വിദ്യാർത്ഥികൾ അവരവരുടെ പഠന മേഖലക്ക് ചേർന്ന മറ്റു പഠനമേഖലകളിൽ നിന്നും മൈനറുകൾ എടുക്കുന്നത് തടയാൻ ഉദ്ദേശിച്ചുള്ള റെഗുലേഷൻ ഭേദഗതിയാണ് പ്രത്യക്ഷമായ ശക്തമായ പ്രതിഷേധം കെ പി സി ടി എ അംഗങ്ങൾ സെനറ്റിൽ ഉന്നയിക്കാൻ കാരണമായത്. എന്നിരുന്നാലും ബോർഡ് ഓഫ് സ്റ്റഡീസിലും അക്കാദമിക് കൗൺസിലിലും വീണ്ടും ചർച്ചക്ക് അനുമതി നൽകാതെ നിലവിലെ സർവകലാശാല ആക്ടിനും സ്റ്റാട്യുട്ടിനും വിരുദ്ധമായ രീതിയിൽ സെനറ്റ് ചെയർ കൂടിയായ വൈസ് ചാൻസലർ ഭേദഗതി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചതിനാൽ ചാൻസിലർ കൂടിയായ ഗവർണറെ സമീപിച്ചിരിക്കുന്ന ഘട്ടത്തിലാണ് കെ പി സി ടി എ സംഘടനാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ക്ഷേമത്തെ പ്രതി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. കാലിക്കറ്റ് സർവകലാശാല കമ്പസിലെ വിവിധ ഇന്റഗ്രേറ്റഡ് പി ജി പ്രോഗ്രാമുകളിൽ സ്വന്തം ഡിപ്പാർട്മെന്റ് നൽകുന്ന മേജർ മൈനർ വിഷയങ്ങൾ ആണ് കുട്ടികൾ തിരഞ്ഞെടുക്കുന്നത്. അവരുടെ റെഗുലേഷൻ ഭേദഗതി കൊണ്ട് വന്നിട്ടുമില്ല. ഒരേ സർവകലാശാലയിൽ തന്നെ രണ്ട് തരത്തിൽ കോഴ്‌സുകൾ നടത്തുക എന്നുള്ളത് ഇരട്ട നീതിയാണെന്നാണ് കെ പി സി ടി എ വിലയിരുത്തുന്നത്. ഒരു കോളേജിലെ ഹിസ്റ്ററി മേജർ എടുത്ത വിദ്യാർത്ഥിക്ക് കെമിസ്ട്രി മൈനർ കിട്ടി. എന്നാൽ ആ കുട്ടിക്ക് കെമിസ്റ്റ്റി വിഷയം ജയിക്കാൻ സാധിച്ചില്ല. ഇനി പഠിക്കാൻ ആഗ്രഹവും ഇല്ല. എന്നാൽ വേറൊരു ഇഷ്ടമുള്ള മൈനർ കിട്ടിയിരുന്നെങ്കിൽ ആ കുട്ടിക്ക് വിഷയം ജയിച്ചുകൊണ്ടു കൂടുതൽ നന്നായി പഠിക്കാമായിരുന്നു എന്ന് കുട്ടിയുടെ അദ്ധ്യാപിക പറഞ്ഞു. അതുപോലെ തന്നെ കോമേഴ്‌സ് മേജർ എടുത്ത കുട്ടികൾക്ക് ഫിസിക്‌സും ഇഷ്ടമില്ലാത്ത മറ്റു പല വിഷയങ്ങളും കിട്ടിയതിനാൽ വിഷമിക്കുന്ന ധാരാളം സംഭവങ്ങൾ പല വിദ്യാർത്ഥികളും ശ്രദ്ധയിൽ പെടുത്തുകയുണ്ടായ സാഹചര്യത്തിലാണ് കെ പി സി ടി എ ശക്തമായി സമര രംഗത്തു ഇറങ്ങാൻ തീരുമാനിച്ചത്. മേജർ വിഷയത്തിലേയ്ക്ക് അഡിമിഷൻ എടുക്കുന്ന സമയത്ത് തന്നെ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന മൈനർ വിഷയങ്ങളും അല്ലെങ്കിൽ ഉറപ്പായും ലഭ്യമാകുന്ന മൈനർ വിഷയങ്ങളിലും വ്യക്തത വരുത്തി അഡ്മിഷൻ നടപ്പിലാക്കണമെന്ന് KPCTA ധർണ്ണയിലൂടെ ആവശ്യപ്പെട്ടു.ഇനിയും പ്രശ്നം പരിഹരിക്കാതെ കുട്ടികളെ കൂടുതൽ ബുദ്ധിമുട്ടു ആക്കിക്കൊണ്ടു മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ വീണ്ടും ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുന്നു വരെ പിന്മാറില്ല എന്നും സമരത്തിന് നേതൃത്വം നൽകിയ കെ പി സി ടി എ റീജിയണൽ പ്രസിഡന്റ് ഡോ ചാക്കോ വി എം(സെനറ്റ് അംഗം) പറഞ്ഞു. സർവകലാശാല ആസ്ഥാനത്തു നടന്ന കെ പി സി ടി എ യുടെ ധർണ സമരം കെ പി സി സി സെക്രട്ടറി ശ്രീ കെ പി നൗഷാദലി ഉദ്ഘാടനം ചെയ്തു. കെ പി സി ടി എ സംസ്ഥാന ട്രഷറർ ഡോ ഉമ്മർ ഫാറൂഖ് ടി കെ , സംസ്ഥാന സെക്രട്ടറി ഡോ കെ ജെ വര്ഗീസ് , സിൻഡിക്കേറ്റ് അംഗം ശ്രീ മാർട്ടിൻ ടി ജെ, ശ്രീ മധു പി, സെനറ്റ് അംഗങ്ങളായ ഡോ മനോജ് മാത്യൂസ്, ഡോ സുൽഫി പി, ഡോ ശ്രീലത ഇ, ഡോ ജയകുമാർ ആർ, ശ്രീ സുനിൽകുമാർ ജി, കെ പി സി ടി എ റീജിയണൽ സെക്രട്ടറി ഡോ റഫീഖ് പി, ലൈസൻ ഓഫീസർ ഡോ കബീർ പി , സി യൂ എസ് ഒ മുൻ പ്രസിഡന്റ് ശ്രീ പ്രവീൺ കുമാർ, പ്രസിഡന്റ് ശ്രീ ചാൾസ് ചാണ്ടി, ജനറൽ സെക്രട്ടറി സ്വപ്ന കെ ഓ, യൂണിയൻ ചെയർപേഴ്സൺ ശ്രീമതി നീതിന ഫാത്തിമ, കെ എസ് യൂ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ നിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ നിന്നും ഉള്ള കെ പി സി ടി എ ജില്ലാ- യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ധർണ സമരത്തിൽ പങ്കെടുത്തു.


